പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻതോതിൽ മാസ് ബുക്കിങ് നടന്നോ എന്ന് കണ്ടെത്താൻ ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വെബ്സൈറ്റിന്റെ പഴക്കം ചിലർ ദുരുപയോഗം ചെയ്തതായാണ് സൂചന. ഇതുമൂലം വലിയതോതിൽ ബുക്കിങ് നടന്നതായി കാണിക്കുന്നുണ്ടെങ്കിലും യഥാർത്ഥ തീർത്ഥാടകർ ശബരിമലയിലേക്ക് എത്താത്ത സാഹചര്യമാണുള്ളത്.
വൃശ്ചികത്തിലെ ആദ്യ ശനിയായ ഇന്നലെയും (നവംബർ 21) സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. തീർത്ഥാടകരുടെ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം, റവന്യു, പൊലീസ് അധികൃതർ സംയുക്തമായി അന്വേഷണം തുടങ്ങി. 66,000 വെർച്വൽ ക്യൂ ഉൾപ്പെടെ സ്പോട് ബുക്കിങ് വഴി ദിവസവും 80,000 പേർക്കാണ് നിലവിൽ ദർശന സൗകര്യമുള്ളത്. കോടതി നിർദേശപ്രകാരം പരമാവധി 90,000 പേരെ വരെ ദർശനത്തിന് അനുവദിക്കാൻ കഴിയുമെന്നതിനാൽ, ആ സാധ്യതയും ദേവസ്വം ബോർഡ് പരിശോധിച്ചുവരികയാണ്.
ശബരിമല ദർശനത്തിന് ഓൺലൈനായി വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതോടെ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്കിങ് നടത്തിയെന്നാണ് വിവരം. പഴയ സാങ്കേതികവിദ്യയിൽ പ്രവർത്തിച്ചിരുന്ന വെബ്സൈറ്റിൽ ഒരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നാല് പേർക്ക് വരെ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു. ഇത്തരത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തതോടെ ലഭ്യമായ വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും തീരുന്ന സാഹചര്യമുണ്ടായി.
ഏതെങ്കിലും ദിവസത്തേക്ക് ദർശനത്തിന് തീർത്ഥാടകർ എത്തുമ്പോൾ, ആ സമയത്തേക്ക് നേരത്തെ ചെയ്ത വ്യാജ ബുക്കിങ് റദ്ദാക്കും. അപ്പോൾ വെബ്സൈറ്റിൽ ഒഴിവ് വരുന്ന വെർച്വൽ ക്യൂ സ്ലോട്ട് മറ്റൊരു കമ്പ്യൂട്ടർ വഴി യഥാർത്ഥ തീർത്ഥാടകന്റെ പേരിൽ ബുക്ക് ചെയ്ത് നൽകും. ഇവരാണ് പിന്നീട് ദർശനത്തിനെത്തുന്നത്. എന്നാൽ, വ്യാജ ബുക്കിങ് എടുത്ത സമയത്തേക്ക് തീർത്ഥാടകരെ ലഭിച്ചില്ലെങ്കിൽ ആ ബുക്കിങ് റദ്ദാക്കില്ല. ഇതിന്റെ ഫലമായി ആ സമയങ്ങളിൽ മറ്റാർക്കും ദർശനത്തിന് അവസരം ലഭിക്കാതെ പോകുകയും, യഥാർത്ഥ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്യുന്നു.
നിലയ്ക്കൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പുലർച്ചെ 3 മുതൽ രാവിലെ 10.30 വരെയാണ് നിലവിൽ സ്പോട് ബുക്കിങ് അനുവദിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ എത്താതെ വരുന്ന ഒഴിവുകൾ കൂടി സ്പോട് ബുക്കിങ്ങിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇത്തവണ സ്പോട് ബുക്കിങ് 10,000 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. വെർച്വൽ ക്യൂ ലഭിച്ചില്ലെങ്കിൽ ദർശനത്തിന് പോകാൻ കഴിയുമോ എന്ന ആശങ്ക കാരണം പല തീർത്ഥാടകരും യാത്ര മാറ്റിവെക്കുന്ന സ്ഥിതിയുമുണ്ട്.
അധികമായി 5,000 വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും, നാളെ (നവംബർ 23) മുതൽ നവംബർ 25 വരെ ഓരോ ദിവസവും 1,000 വീതമാണ് തുറന്നുനൽകുന്നത്. ഒന്നിച്ച് കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ നിയന്ത്രണം. സ്ലോട്ടുകൾ തുറക്കുന്ന സമയം ദേവസ്വം ബോർഡ് മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചില ദേവസ്വം ഉദ്യോഗസ്ഥർ താൽപ്പര്യമുള്ളവർക്ക് സമയം ചോർത്തി നൽകുന്നതിനാൽ അവർക്ക് വേഗത്തിൽ ബുക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.






