കുറഞ്ഞ ചെലവിൽ സെർവിക്കൽ കാൻസർ നിർണയിക്കാം; തദ്ദേശീയ ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ

Spread the love

സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദ നിർണയത്തിനുള്ള ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ. ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് കൂടുതൽ ലാഭകരവും പ്രാപ്യവുമാകുന്ന ടെസ്റ്റാവും ഇതെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

 

ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗ്നോസ്റ്റിക്സ് ആണ് ട്രൂനാറ്റ് HPV-HR പ്ലസ് എന്ന ടെസ്റ്റ് വികസിപ്പിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള നിരവധി HPV വിഭാഗങ്ങളെ കണ്ടെത്താൻ ഈ ടെസ്റ്റിന് കഴിയുമെന്നും വിദഗ്ധർ പറയുന്നു. ഇറക്കുമതി ചെയ്ത HPV ടെസ്റ്റുകൾ പലപ്പോഴും ചെലവേറിയതും ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാകാത്തതുമാണ്. അത്തരം സാഹചര്യങ്ങളിൽ തദ്ദേശീയ ടെസ്റ്റ് ഗുണംചെയ്യുമെന്നാണ് കരുതുന്നത്.

 

നിലവിലുള്ള പല HPV ടെസ്റ്റുകളും ചെലവേറിയതും നൂതനമായ ലബോറട്ടറി സൗകര്യങ്ങൾ ആവശ്യമുള്ളതും ആയതിനാൽ ഇന്ത്യയിൽ എച്ച്പിവി സ്ക്രീനിങ് നിരക്ക് വളരെ കുറവാണ്. ഇതിന് ബദലായി മാറാൻ പുതിയ രീതിക്ക് കഴിയുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ‌

 

‌ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) , ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് ടെസ്റ്റിന് സാധൂകരണം നൽകിയത്. ടെസ്റ്റ് അന്താരാഷ്ട്ര ഗുണനിലവാര നിലവാരം പാലിക്കുന്നുണ്ടെന്നും ലോകമെമ്പാടും അംഗീകരിക്കപ്പെട്ട HPV സ്ക്രീനിംഗ് ടെസ്റ്റുകളുമായി താരതമ്യപ്പെടുത്താവുന്ന തലത്തിൽ പ്രവർത്തിക്കുന്നതാണെന്നും സംഘം വിലയിരുത്തി.

 

കുറഞ്ഞ ചെലവിൽ വലിയ തോതിലുള്ള സ്ക്രീനിംഗ് പരിപാടികൾക്ക് അവസരം നൽകുന്നതിലൂടെ സെർവിക്കൽ കാൻസർ കുറയ്ക്കാനാകുമെന്ന് വിദഗ്ധർ കരുതുന്നു.

 

എന്താണ് സെർവിക്കൽ കാൻസർ?

 

മറ്റ് കാൻസറുകളിൽനിന്നു വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും സ്വകാര്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.

 

സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?

 

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

 

എങ്ങനെ പ്രതിരോധിക്കാം?

 

1. HPV വാക്സിനേഷൻ

 

കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.

 

2. സ്ഥിരമായ പരിശോധന

 

30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *