‘കോഴിയിറച്ചിയും ചെമ്മീനും വേണം, ഞാൻ പാചകം ചെയ്ത് കഴിച്ചോളാം സാറേ’, തിഹാർ ജയിലിലെ അമേരിക്കൻ പൗരൻ കോടതിയിൽ

Spread the love

ന്യൂഡൽഹി ∙ തിഹാർ ജയിലിൽ നൽകുന്ന ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും മാനുഷിക പരിഗണന മുൻനിർത്തി സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീകരക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ ഡൽഹി കോടതിയെ സമീപിച്ചു. ജയിലിലെ ഭക്ഷണം കാരണം താൻ 50 ദിവസത്തിലേറെയായി നിരാഹാര സമരത്തിലാണെന്നും അതിനാൽ സ്വന്തം ചെലവിൽ പാചക സൗകര്യവും സാധനങ്ങളും അനുവദിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ വ്യവസായിയും മുൻ മാധ്യമപ്രവർത്തകനുമായ മാത്യു ആരോൺ വാൻഡൈക് ആണ് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മയ്ക്ക് മുന്നിൽ ഹർജി നൽകിയത്.

 

കഴിഞ്ഞ ഏപ്രിൽ മുതൽ തിഹാർ ജയിലിൽ കഴിയുന്ന മാത്യു വാൻഡൈക്, ജയിലിൽ വിളമ്പുന്ന എരിവും എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ മേയ് 6 മുതൽ നിരാഹാരത്തിലാണെന്ന് ഹർജിയിൽ പറയുന്നു. അമേരിക്കൻ പൗരൻ എന്ന നിലയിൽ ഇന്ത്യൻ ജയിലുകളിൽ സാധാരണയായി നൽകുന്ന ഭക്ഷണരീതിയുമായി പൊരുത്തപ്പെടാൻ തനിക്ക് സാധിക്കുന്നില്ലെന്നാണ് ഇയാളുടെ വാദം. തുടർച്ചയായ നിരാഹാരം കാരണം തന്റെ ആരോഗ്യം മോശമായതായും ഏകദേശം 14 കിലോഗ്രാം ഭാരം കുറഞ്ഞതായും മാത്യു വാൻഡൈക് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിനാൽ കാഴ്ചശക്തിയെ ബാധിച്ചതായും പ്രതിരോധശേഷിയും ശാരീരിക ബലവും ഗണ്യമായി കുറഞ്ഞതായും ഹർജിയിൽ പറയുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യം സംരക്ഷിക്കാൻ മാത്രമാണ് ഈ ആവശ്യമെന്നും ഭക്ഷണസാധനങ്ങൾ, പാചക ഉപകരണങ്ങൾ എന്നിവയുടെ മുഴുവൻ ചെലവും കുടുംബം വഹിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

 

ഹർജിയിൽ, കോടതി തിഹാർ ജയിൽ അധികൃതരോട് മറുപടി തേടുകയും കേസ് വാദം കേൾക്കുന്നതിനായി ജൂലൈ 21 ലേക്ക് മാറ്റുകയും ചെയ്തു. പരിപ്പു വർഗങ്ങൾ, ചുവന്ന ഇറച്ചി, കോഴിയിറച്ചി, ചെമ്മീൻ, പാസ്ത, നൂഡിൽസ്, അരി, ഉരുളക്കിഴങ്ങ്, സവാള, പയർവർഗങ്ങൾ, ഒലീവ് ഓയിൽ, സോയ മിൽക്ക്, കുപ്പിവെള്ളം തുടങ്ങിയ ഭക്ഷണസാധനങ്ങൾ കൈവശം വയ്ക്കാൻ അനുവദിക്കണമെന്നാണ് മാത്യു വാൻഡൈക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം ഒരു ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, പ്ലാസ്റ്റിക് ചോപ്പർ എന്നിവയും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് കഴിഞ്ഞ മാർച്ച് 13നാണ് മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും എൻഐഎ കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. നിരോധിത ഇന്ത്യൻ വിഘടനവാദി സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അവർക്ക് ആയുധങ്ങളും മറ്റ് സാങ്കേതിക സഹായങ്ങളും പരിശീലനവും നൽകിയതായും അന്വേഷണസംഘം ആരോപിക്കുന്നു. എകെ 47 തോക്കുകളേന്തിയ സായുധ ഭീകരരുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തിയ 14 യുക്രെയ്ൻ പൗരന്മാരടങ്ങുന്ന സംഘം ഗുവാഹത്തിയിലേക്കും പിന്നീട് മിസോറാമിലേക്കും യാത്ര ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു. അവിടെനിന്ന് അനുമതിയില്ലാതെ മ്യാൻമറിലേക്ക് കടന്ന ഇവർ, അവിടത്തെ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകിയതായും യൂറോപ്പിൽ നിന്ന് ഡ്രോണുകൾ വിഘടനവാദികൾക്ക് എത്തിക്കാൻ സഹായിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാത്യു വാൻഡൈക് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *