‘കെട്ടാൻ ഞങ്ങൾ റെഡിയല്ല!’; വിവാഹത്തോട് ‘ഗുഡ് ബൈ’ പറയുന്ന ഇന്ത്യൻ സ്ത്രീകൾ: മാറ്റത്തിന്‍റെ പുതിയ കണക്കുകൾ പുറത്ത്

Spread the love

ന്യൂഡൽഹി: ‘ജീവിതത്തിൽ സെറ്റിലാകാൻ ഒരു ഭർത്താവ് വേണം’ എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ സമൂഹത്തിന്റെ അലിഖിത നിയമത്തെ പെൺകുട്ടികൾ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. വിവാഹമെന്ന സാമൂഹിക സംവിധാനത്തിന് പുറത്തുനിന്നുകൊണ്ട് തങ്ങളുടേതായ ലോകം പണിയാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ എണ്ണം അതിവേഗം വർധിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ. കരിയറിനെ കുറിച്ചുള്ള ചിന്തകൾ, സാമ്പത്തിക സ്വാതന്ത്ര്യം, കുടുംബങ്ങൾക്കകത്തെ അസമത്വങ്ങൾ എന്നിവയെയാണ് ഈ പുതിയ സാമൂഹികമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

 

രാജ്യത്ത് അവിവാഹിതരായി തുടരുന്ന സ്ത്രീകളുടെ ശതമാനം 2011ൽ 13.5 മാത്രമായിരുന്നത് 2021ൽ 19.9 ശതമാനമായി ഉയർന്നുവെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ. സമാനമായി, നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യൻ സ്ത്രീകളുടെ വിവാഹപ്രായവും അടുത്തിടെയായി ഉയർന്നിട്ടുണ്ട്. 1992-93 കാലഘട്ടത്തിൽ 16.2 വയസ്സായിരുന്ന ശരാശരി വിവാഹപ്രായം 2019-21 ആയപ്പോഴേക്കും 19.2 വയസായി വർധിക്കുകയും ചെയ്തിട്ടുണ്ട്. 18 വയസിന് മുമ്പ് വിവാഹം കഴിക്കുന്ന പെൺകുട്ടികളുടെ എണ്ണത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. വിവാഹത്തെ സ്ത്രീകൾ പൂർണ്ണമായി തിരസ്കരിക്കുന്നു എന്നതിലുപരി, വിവാഹം കഴിക്കണമെങ്കിൽ തന്നെ അതിന് കൃത്യമായ നിബന്ധനകളും സമയവും വേണമെന്ന നിലപാടിലേക്ക് അവർ മാറിയെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

 

ഒരു കാലത്ത് വിവാഹത്തെ സാമ്പത്തിക സുരക്ഷയ്ക്കുള്ള വഴിയായി കണ്ടിരുന്ന സ്ത്രീകൾ ഇന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിക്കായുള്ള ശ്രമത്തിലാണ്. സർക്കാരിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ കണക്കുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ എൻറോൾമെന്റ് 2014-15 കാലഘട്ടത്തിലെ 1.57 കോടിയിൽ നിന്ന് 2021-22-ൽ 2.07 കോടിയായി കുതിച്ചുയർന്നിരിക്കുകയാണ്. സ്ത്രീകൾ സ്വന്തമായി സമ്പാദിച്ചു തുടങ്ങുമ്പോൾ, വിവാഹമെന്നത് സാമ്പത്തികമായ ഒരു ‘ആവശ്യകത’ എന്നതിൽ നിന്ന് മാറി, ജീവിതത്തിന് അധിക മൂല്യം നൽകുന്നുണ്ടോയെന്ന് വരെ പരിശോധിക്കുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ.

 

വിവാഹത്തിൽ നിന്ന് പിന്മാറുന്നതിന്‍റെ ഏറ്റവും വലിയ പ്രായോഗിക കാരണം?

വിവാഹബന്ധങ്ങളിൽ നിന്ന് സ്ത്രീകൾ പിന്മാറുന്നതിന്റെ ഏറ്റവും വലിയ പ്രായോഗിക കാരണമായി പുതിയ പഠനങ്ങൾ പറയുന്നത് വീട്ടുജോലികളിലെ കടുത്ത അസമത്വമാണ്. ഇന്ത്യയിലെ ‘ടൈം യൂസ് സർവേ’ (2019) പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾ പ്രകാരം, സ്ത്രീകൾ ദിവസവും ശരാശരി 299 മിനിറ്റ് വീട്ടുജോലികൾക്കായി ചെലവഴിക്കുമ്പോൾ, പുരുഷന്മാർ ചെലവഴിക്കുന്നത് വെറും 97 മിനിറ്റ് മാത്രമാണ്. ഇതിനുപുറമേ ദിവസവും 134 മിനിറ്റ് കുട്ടികളെയും കുടുംബാംഗങ്ങളെയും നോക്കുന്നതിനായി സ്ത്രീകൾ മാറ്റിവെക്കുമ്പോൾ, പുരുഷന്മാരുടെ വിഹിതം 76 മിനിറ്റും. പൂർണ്ണസമയ ജോലിയും ചെയ്ത്, വീണ്ടും വീട്ടിലെത്തി ഇത്തരം അമിത ഉത്തരവാദിത്തങ്ങളുടെ ഭാരം മാത്രം പേറേണ്ടി വരുന്ന ജീവിതത്തോട് പല സ്ത്രീകളും വിടപറയാനൊരുങ്ങിയതായാണ് റിപ്പോർട്ട്. പിന്നീട് വരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് അവർ കരുതുന്നു.

 

തങ്ങളുടെ പങ്കാളിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന കാര്യത്തിൽ ആധുനിക സ്ത്രീകൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും പഠനങ്ങൾ പറയുന്നു. 2024-ലെ ഒരു ഡേറ്റിംഗ് സൈറ്റ് സർവേ വ്യക്തമാക്കുന്നത്, 64 ശതമാനം സ്ത്രീകളും തങ്ങൾക്കുവേണ്ട കാര്യങ്ങളിൽ കൃത്യമായ നിലപാടുള്ളവരാണെന്നും, കുറഞ്ഞ കാര്യങ്ങൾക്ക് തൃപ്തിപ്പെടാൻ തയ്യാറല്ലെന്നുമാണ്. കുടുംബത്തിലെ മുൻ തലമുറകളിലെ സ്ത്രീകൾ അനുഭവിച്ച കഷ്ടപ്പാടുകളും കരിയർ ബ്രേക്കുകളും അടുത്തറിഞ്ഞാണ് പുതിയ തലമുറ വളർന്നത്. ‘എന്തിനാണ് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നത്?’ എന്നെല്ലാം തിരിച്ചുചോദിക്കാനുള്ള അവസ്ഥയിലേക്ക് അവരെത്തിയിരിക്കുന്നെന്ന് ചുരുക്കം.

 

‘പ്രായമായാൽ നിങ്ങളെയൊക്കെ ആരാണ് നോക്കാനുള്ളത്?’ അവിവാഹിതരായി തുടരുന്ന സ്ത്രീകളോട് സമൂഹം ഏറ്റവും കൂടുതലായി ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ, ഇതിനും പെൺകുട്ടികൾ കൃത്യമായ പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് പുതിയ റിപ്പോർട്ടുകൾ. പരമ്പരാഗതമായി ഭർത്താവിനെയും മക്കളെയും മാത്രം ആശ്രയിക്കുന്ന രീതി മാറി, സ്വന്തമായി സ്ഥലം വാങ്ങുക, കൃത്യമായ നിക്ഷേപങ്ങളും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കുക എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും അവർ തുടങ്ങിയിട്ടുണ്ട്. കൂടാതെ, വൈകാരികമായ പിന്തുണയ്ക്കായി പരസ്പരം താങ്ങായി നിൽക്കുന്ന അടുത്ത സുഹൃത്തുക്കളുടെ കൂട്ടായ്മകളെ ആശ്രയിക്കുന്ന പുതിയ സംസ്കാരവും ഇന്ത്യയിൽ വേരുറപ്പിച്ചു വരുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *