കൊല്ലം∙ ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വാടകക്കാർ താമസിച്ചിരുന്ന കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ. കടമുറിയായ ഇവിടെ 8 വർഷമായി കച്ചവടം ചെയ്തുവരികയായിരുന്ന അബ്ദുൾ വാഹിദ്–സൂറ ബീവി ദമ്പതികളെ ഒഴിപ്പിക്കാനാണ് ഉടമ ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്തത്. ഈ കടമുറിയിൽ തന്നെയായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.
കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന് ആറു മാസം മുൻപ് ഉടമകൾ വാടകക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാടകക്കാർ ഇതിനു തയാറായില്ല. തുടർന്ന്, ഇരുകൂട്ടരും കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്. രണ്ടര വർഷമായി ദമ്പതികൾ വാടക നൽകിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. എന്നാൽ ഈ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് അവിടെത്തന്നെ തുടരാമെന്ന തരത്തിൽ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് വാടകക്കാർ അവകാശപ്പെടുന്നു.
ഉടമകളെ ചീത്ത വിളിച്ചു എന്നാരോപിച്ച് സൂറ ബീവിയെയും അബ്ദുൾ വാഹിദിനെയും ചിതറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരും സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഉടമകൾ കെട്ടിടം തകർത്തത്. പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കെട്ടിടം തകർന്നു കിടക്കുന്നതാണ് കണ്ടതെന്നും കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന രേഖകളും സ്വർണാഭരണങ്ങളും ഉൾപ്പെടെയുള്ള വിലപ്പെട്ട സാധനങ്ങൾ പൂർണമായും നശിച്ചുവെന്നും വാടകക്കാർ പറഞ്ഞു. ഇരുവരും നിലവിൽ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.
ആൻഡമാനിൽ താമസമാക്കിയ സജീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് കെട്ടിടത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോൾ തങ്ങളെ ചീത്ത വിളിച്ചതിനാലാണ് കെട്ടിടം തകർത്ത് വാടകക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.








