മുംബൈ ∙ അമരാവതിയിലുള്ള ആദിവാസി സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! വിദ്യാർഥികളുടെ പരാതി പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല. അതോടെ, സമീപ ഹോസ്റ്റലിലെ ആൺകുട്ടികൾ ഉൾപ്പെടെ 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി.
ഹോസ്റ്റൽ മുറികൾക്കുള്ളിൽ അസ്വാഭാവികമായ ശബ്ദങ്ങളും സ്ത്രീകളുടെ പൊട്ടിച്ചിരികളും കരച്ചിലും ചില പെൺകുട്ടികൾ കേട്ടതായി പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊലുസിന്റെ കിലുക്കം കേട്ടതായും ചിലർ അവകാശപ്പെട്ടു. ഈ വാർത്ത സ്കൂളിലാകെ പടർന്നതോടെ കുട്ടികൾക്കിടയിൽ ഭയം ഇരട്ടിക്കുകയായിരുന്നു. മാതാപിതാക്കൾ നൽകുന്ന വിവരമനുസരിച്ച് 345 പെൺകുട്ടികളും 263 ആൺകുട്ടികളും ഉൾപ്പെടെ ആകെ 608 വിദ്യാർഥികളാണ് ബോർഡിങ് സ്കൂൾ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.
‘മാസ് സൈക്കോജെനിക് ഇൽനസ്’ അല്ലെങ്കിൽ ‘മാസ് ഹിസ്റ്റീരിയ’ ആണ് ഈ കൂട്ട പ്രേതപ്പേടിക്കു പിന്നിലെന്നാണു മാനസിക വിദഗ്ധരുടെ കണ്ടെത്തൽ. പരീക്ഷപ്പേടി, കടുത്ത മാനസിക സമ്മർദം, ഹോം സിക്നസ് (തുടർച്ചയായി വീട്ടിൽനിന്നു മാറിനിൽക്കുമ്പോഴുള്ള വിഷമം) എന്നിവ കാരണം ഒരു വിഭാഗത്തിനുണ്ടാകുന്ന ഉത്കണ്ഠയും ഭയവും പകർച്ചവ്യാധി പോലെ മറ്റുള്ളവരിലേക്കു പടരുന്ന അവസ്ഥയാണിത്. ഭയം മാറ്റാൻ പ്രത്യേക കൗൺസലിങ് സെഷനുകൾ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ ഭയം അകറ്റി അവരുടെ വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ ഉൾപ്പെടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ശാസ്ത്രീയ ബോധവൽക്കരണവും കൗൺസിലിങ്ങും നൽകാനായി രംഗത്തെത്തിയിട്ടുണ്ട്.








