‘ഫിറ്റ്നസ് ഇല്ലാത്ത ‘പ്രിയദർശിനി’; സുരക്ഷയിൽ ആശങ്ക; അതിജീവനം സർക്കാർ തീരുമാനമനുസരിച്ച്’

Spread the love

പ്രിയദർശിനി സർവീസ് സ്വകാര്യ ബസുകൾക്കു വെല്ലുവിളിയാകുമോ എന്നതിനെക്കാൾ വലിയ ആശങ്ക സുരക്ഷയുടെ കാര്യത്തിലാണെന്നും പ്രിയദർശിനി സർവീസ് നടത്തുന്ന വണ്ടികളിൽ മിക്കതും ഫിറ്റ്നസ് ഇല്ലാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ. സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്. സർക്കാർ തീരുമാനം അറി‍ഞ്ഞ ശേഷം സർവീസ് തുടരണോ എന്നു തീരുമാനിക്കുമെന്നും ഹംസ പറയുന്നു. പ്രിയദർശിനി സർവീസ് ആരംഭിച്ചു രണ്ടു മാസം കഴിയുമ്പോൾ, സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനോരമ ഓൺലൈനിനോടു സംസാരിക്കുകയാണ് ഹംസ ഏരിക്കുന്നൻ.

 

സ്ത്രീകൾക്കു സൗജന്യ യാത്രയ്ക്ക് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ച് രണ്ടു മാസം കഴിയുമ്പോൾ വടക്കൻ കേരളത്തിൽ എന്താണ് അവസ്ഥ?

 

വടക്കൻ കേരളത്തിൽ കെഎസ്ആർടിസി ബസ് സർവീസ് കുറവായതിനാൽ സ്വകാര്യ ബസുകളെ ബാധിക്കില്ല എന്നു കരുതുന്നവർ ധാരാളമുണ്ട്. അതു പൂർണമായും ശരിയല്ല. ഒരു കെഎസ്ആർടിസി സർവീസ് ‘പ്രിയദർശിനി’യാക്കിയപ്പോൾ ആ ബസിനു മുൻപിലും പിന്നിലുമായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്കു വലിയ നഷ്ടമാണു സംഭവിച്ചത്. അതേസമയം, പ്രിയദർശിനി സർവീസ് ഇല്ലാത്ത റൂട്ടുകളിലെ സ്വകാര്യ ബസുകൾക്കു നഷ്ടം സംഭവിച്ചതുമില്ല.

 

കണക്കുകൾ വ്യക്തമാക്കുന്നത് മലപ്പുറം ജില്ലയിൽ പ്രിയദർശിനി സർവീസ് കുറവാണെന്നാണല്ലോ?

 

കണക്കുകളിൽ മലപ്പുറം ജില്ലയിൽ കെഎസ്ആർടിസി സർവീസ് കുറവാണെന്നു പറയുന്നതിന്റെ പ്രധാന കാരണം ഇവിടെ ഡിപ്പോകളുടെ എണ്ണം കുറവായതാണ്. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനമുള്ള ഡിപ്പോ പാലക്കാടാണ്. പാലക്കാട് ഡിപ്പോയിലെ ബസുകളിൽ മിക്കവയും മലപ്പുറം ജില്ലയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിനു പുറമേ താമരശ്ശേരി, തിരുവമ്പാടി ഡിപ്പോകളിൽനിന്നുള്ള ബസുകളും മലപ്പുറം ജില്ലയുടെ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്നു. അതേസമയം റെക്കോർഡ് നോക്കിയാൽ മലപ്പുറം ജില്ലയിലെ ഡിപ്പോയിൽ നിന്നുള്ള ബസുകൾ കുറവെന്നു കാണാം അതാണ് പലപ്പോഴും വാർത്തയായി വരുന്നത്. പാലക്കാട് ഡിപ്പോയിലെ വണ്ടികൾ പത്തു മിനിറ്റ് ഇടവിട്ട് ഓടുന്ന റൂട്ടുകൾ മലപ്പുറത്തുണ്ട്. അതിൽ മിക്കവയും പ്രിയദർശിനി സർവീസാണ്.

 

പ്രിയദർശിനി സർവീസ് സ്വകാര്യ ബസുകളെ എങ്ങനെയാണു ബാധിച്ചത്?

 

എന്റെ വ്യക്തിപരമായ അനുഭവം പറയാം. പ്രിയദർശിനി സർവീസിനൊപ്പം ഓടുന്ന എന്റെ ഒരു ബസിന് കഴിഞ്ഞ രണ്ടു മാസമായി ചെലവുകൾ എല്ലാം കഴിഞ്ഞാൽ ദിവസം ആയിരം രൂപ തികച്ചു ലാഭം കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ കണക്ക് ഗതാഗത മന്ത്രിയെ കണ്ടപ്പോൾ ഞാൻ കൊടുത്തതാണ്.

 

മലപ്പുറത്ത് പുതിയ പ്രിയദർശിനി ബസ് റൂട്ടുകൾ ആരംഭിച്ചിട്ടുണ്ടോ?

 

പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം പുതിയ ബസ് ഒന്നും വന്നിട്ടില്ല. അതേസമയം മലബാറിൽ പ്രിയദർശിനി ബസുകൾ കുറവാണെന്ന പ്രചാരണം ഉള്ളതിനാൽ സ്വാഭാവികമായി ഇവിടത്തെ എംഎൽഎമാർക്കു നല്ല സമ്മർദമുണ്ട്. അവരൊക്കെ സർക്കാരിനോട് പുതിയ സർവീസുകൾക്കായി ആവശ്യം ഉന്നയിക്കുന്നുമുണ്ട്.

 

ദീർഘനാളായി ബസ് വ്യവസായത്തിൽ നിൽക്കുന്നയാൾ എന്നനിലയിൽ, പ്രിയദർശിനി സർവീസിനെ എങ്ങനെ. കാണുന്നു?

 

പ്രിയദർശിനി സർവീസ് തുടങ്ങിയ സമയത്ത്, അതുവരെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്ന സ്ത്രീയാത്രക്കാർ മുഴുവനായും മാറിയിരുന്നു. ആവശ്യത്തിനും അല്ലാതെയും സൗജന്യ യാത്ര ഉപയോഗിച്ചവരും ഉണ്ട്. എന്നാൽ മുൻപുണ്ടായിരുന്ന തിരക്ക് ഇപ്പോൾ കുറഞ്ഞതായി തോന്നുന്നു. ഈ പദ്ധതി നടപ്പിലാക്കുമ്പോൾ നല്ലവണ്ണം ആലോചിക്കണമെന്ന് മന്ത്രി സി.പി. ജോണിനെ കണ്ട് വ്യക്തിപരമായി പറഞ്ഞിരുന്നു. യാത്രക്കാരുടെ വരുമാന പരിധി നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ ഇതിലും വലിയൊരു അപകടത്തെക്കുറിച്ച് ഇപ്പോഴും ആരും ചിന്തിക്കുന്നില്ലെന്നു തോന്നുന്നു. പ്രിയദർശിനി സർവീസ് നടത്തുന്ന ബസുകൾ സുരക്ഷിതമാണോ എന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

 

ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന പ്രിയദർശിനി ബസുകളൊക്കെ കേന്ദ്ര സർക്കാരിന്റെ സ്ക്രാപ് പോളിസി പ്രകാരം പൊളിക്കേണ്ട വണ്ടികളാണ്. അതായത് കെഎൽ 15 ൽ 9000 ന് താഴെ നമ്പർ ഉള്ള വണ്ടികൾ മിക്കവയും ഈ ഗണത്തിൽ വരുന്നവയാണ്. ഇപ്പോഴും 7500 – 8000 നമ്പറുകളിൽ ആരംഭിക്കുന്ന ബസുകൾ പ്രിയദർശിനി സർവീസിനു ഉപയോഗിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് കാണുമ്പോൾ അതിന്റെ നമ്പർ നോക്കുക. 9000 നു താഴെയാണെങ്കിൽ ആ നമ്പർ പരിവാഹൻ സൈറ്റിൽ പരിശോധിച്ചാൽ വണ്ടിക്ക് ആർസി പോലും ഉണ്ടാവില്ല. പകരം ആർസി കാൻസൽ ചെയ്തു എന്നു കാണിക്കും. അതായത് ഫിറ്റ്നസ് ഇല്ലാത്ത വണ്ടിയാണ്. ആ വണ്ടിക്ക് എന്തെങ്കിലും അപകടം ഉണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പോലും ലഭിക്കില്ല.

 

ഫിറ്റ്നസ് ഉള്ളപ്പോൾ 48 യാത്രക്കാർ സഞ്ചരിക്കേണ്ട വണ്ടിയിലാണ് ഈ അവസ്ഥയിൽ 125 ലേറെ യാത്രക്കാർ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നത്. ഫിറ്റ്നസ് ഇല്ലാത്ത വണ്ടിയിലാണു സർക്കാർ മുൻകൈ എടുത്ത് പൊതുജനങ്ങളെ യാത്ര ചെയ്യിപ്പിക്കുന്നത്. സർക്കാരിന്റെ ബസ് ആയതിനാൽ എംവിഡിയൊക്കെ ഇതു കാണാതിരിക്കുകയാണ്.

 

തിരഞ്ഞെടുപ്പു വാഗ്ദാനം ആയതിനാൽ സർക്കാരിനു മുന്നോട്ടു പോയേ തീരു, ഈ അവസ്ഥയെ എങ്ങനെ മറികടക്കാനാവും?

 

സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താൻ സർക്കാർ തയാറാകണം. ഇതിലൂടെ ജനത്തിന് സുരക്ഷിത യാത്രയും നഷ്ടത്തിലായ സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസവും ലഭിക്കും. നിലവിൽ കെഎസ്ആർടിസി കൊടുക്കുന്നതു പോലെ സ്ത്രീകൾക്കു സീറോ ടിക്കറ്റ് നൽകാൻ ഞങ്ങളും തയാറാണ്. പണം സർക്കാർ നൽകിയാൽ മതി. എന്നാൽ ഇതിൽ വലിയ ചർച്ചയൊന്നും ഇനിയും നടന്നിട്ടില്ല.

 

ഇപ്പോഴത്തെ അവസ്ഥയിൽ സ്വകാര്യ ബസുകൾ എത്രനാൾ അതിജീവിക്കും?

 

മിക്ക സ്വകാര്യ ബസ് ഉടമകളും സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. പ്രിയദർശിനി സർവീസ് ആരംഭിക്കുമ്പോൾ, നൂറു ദിവസം കഴിഞ്ഞശേഷം മുന്നോട്ടുള്ള തീരുമാനം പറയാമെന്നു സർക്കാർ പറഞ്ഞിരുന്നു. അതുവരെ സർവീസ് തുടരണമെന്നാണ് ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു പ്രശ്നം, ദീർഘനാൾ വാഹനം നിർത്തിയിട്ടാൽ പിന്നീട് സർവീസ് ആരംഭിക്കാൻ ഒന്നര ലക്ഷം രൂപ വരെ ചെലവ് വരും. കോവിഡ് കാലത്ത് ബസ് ഉടമകൾ നേരിട്ട പ്രധാനപ്രശ്നമായിരുന്നു അത്. പ്രിയദർശിനി ആരംഭിച്ചിട്ട് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. നൂറ് ദിവസം തികയട്ടെ, എന്നിട്ട് ഞങ്ങൾ സ്വകാര്യ ബസുകൾ ഓടിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *